![]() |
സൈദ് ബിന്‍ അലി ഉബൈദ് അല ശംസി. |
അസ്സലാമു അലൈക്കും...
കൈഫല്‍ ഹാല്.. തമാം?
വൈന്‍ ഉസ്മാന്, വൈന്‍ അബ്ദുറഹ്മാന്...
അതിരാവിലെ കുശലാന്വേഷണങ്ങളുമായി വരുന്ന സ്വദേശി പ്രമുഖന് അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നിത്യ സാന്നിധ്യമാണ്. അല്‍ ഐന്‍ സാഖറിന് സമീപം നിഅ്മയില്‍ താമസിക്കുന്ന സൈദ് ബിന്‍ അലി ഉബൈദ് അല്‍ ശംസി ഈ എഴുപതാം വയസ്സിലും അതിരാവിലെ ദിനേന ചന്തയിലെത്തുന്നു.
രാജ്യം മുപ്പത്തിയൊമ്പതാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ സൈദിനും ഓര്‍ക്കാനുണ്ട് ഏറെ കാര്യങ്ങള്‍. ആധുനിക രീതിയിലുള്ള പാതകളോ വമ്പന്‍ കെട്ടിടങ്ങളോ ഇല്ലാത്ത ഒരു കാലവും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ മുബാറക് അല്‍ നഹ്യാന് ഈ മരുഭൂമിയെ പച്ചപ്പിണ്റ്റെയും സമ്പന്നതയുടെയും പ്രദേശമാക്കിയ വഴികളും അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്.
മുപ്പത് വര്‍ഷത്തോളം അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നഗരസഭ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച സൈദ് ബിന്‍ അലിക്ക് ഇവിടത്തെ കച്ചവടക്കാരെ നന്നായറിയാം. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. അവരുടെ പ്രിയപ്പെട്ട സൈദാണദ്ദേഹം.
പതിനഞ്ച് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് വിരമിച്ചതിന്ശേഷം ആട് വളര്‍ത്തലും കൃഷിയുമായി കഴിയുന്ന സൈദ് ദിനേന ചന്തയിലെത്തും. തണ്റ്റെ ജോലിക്കാരുമായി വന്ന് ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച് കൊണ്ട് പോയി ആടുകള്‍ക്ക് നല്‍കും.
ജോലിക്കാര്‍ തങ്ങളുടെ പണി തുടരുമ്പോള്‍ സൈദ് ഓരോ കടയിലെയും കച്ചവടക്കാരുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കും. യു.എ.ഇ യുടെ പഴയ കാല ചിത്രങ്ങള്‍ സംസാരത്തില്‍ കടന്നു വരും.
ശൈഖ് സായിദിണ്റ്റെ ഭരണത്തെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ കണ്ണുകള്‍ വിടരും. ഭരണ സാരഥ്യമെടുത്തതിന് ശേഷം പൌരന്മാരുടെ ക്ഷേമം അനേഷിക്കുന്നതിനായി അര്‍ധ രാത്രി ടാക്സിയില്‍ സാധാരണക്കാരനെപ്പോലെ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാറുണ്ടത്രേ ശൈഖ് സായ്ദ്. ഒരിക്കല്‍ ഇന്നത്തെ ക്ളോക്ക് ടവറിന് സമീപമുള്ള ശ്മശാനത്തിനടുത്ത് വെച്ച് അദ്ദേഹത്തെ സൈദ് ബിന്‍ അലി കണ്ടണ്ടിട്ടുണ്ട്.
അല്‍ ഐന്‍ നഗരത്തില്‍ കുവൈത്താത്ത്, മനാസിര്, നിയാദാത്ത്, ഖലീഫ എന്നിങ്ങനെ നാല് ശാബിയ (താമസയിടങ്ങള്‍) മാത്രമാണുണ്ടായിരുന്നതെന്ന് സൈദ് പറയുന്നു. ശൈഖ് സായിദിണ്റ്റെ ഭരണത്തിലാണ് മറ്റു പാര്‍പ്പിട കേന്ദ്രങ്ങളും പട്ടണങ്ങളും നിലവില്‍ വന്നത്. അല്‍ ഐനിനെയും അബൂദാബിയെയും ബന്ധിക്കുന്ന ഒരു പാത മാത്രമാണ് നേരത്തെ ഉണ്ടണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു
വളരെ രസികനാണ് സൈദെന്നാണ് കച്ചവടക്കാരനായ മലപ്പുറം തെന്നല സ്വദേശി ഉസ്മാണ്റ്റെ അഭിപ്രായം. ചന്തയിലെ ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് അന്വേഷിക്കും. മലയാളികളോട് പ്രത്യേക താല്പര്യം കാണിക്കുന്ന അദ്ദേഹം ആരെയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരോട് അന്വേഷിക്കും.
![]() |
സൈദ് അലൈന്‍ ചന്തയില്‍. |
ഈ ആഘോഷ വേളയില്‍ രാഷ്ട്ര പിതാവ് ശൈഖ് സായ്ദ് ബിന്‍ മുബാറക് അല്‍ നഹ്യാനെ അനുസ്മരിക്കുന്നതോടൊപ്പം, സൈദ് ബിന്‍ അലി യു.എ.ഇ ഭരണാധികളോട് അതിരറ്റ ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും അവര്‍ക്ക് ആയുരാരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്യുന്നു. ഇവിടത്തെ കച്ചവടക്കാര്‍, ഭരണാധികാരികള്‍ക്കൊപ്പം തങ്ങളുടെ പ്രിയ സൈദിനും.