Thursday, December 2, 2010

മലയാളികളുടെ പ്രിയ സൈദ്‌.

സൈദ്‌ ബിന്‍ അലി
ഉബൈദ് അല ശംസി.


അസ്സലാമു അലൈക്കും...
കൈഫല്‍ ഹാല്‍.. തമാം?
വൈന്‍ ഉസ്മാന്‍, വൈന്‍ അബ്ദുറഹ്മാന്‍...

അതിരാവിലെ കുശലാന്വേഷണങ്ങളുമായി വരുന്ന സ്വദേശി പ്രമുഖന്‍ അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നിത്യ സാന്നിധ്യമാണ്‌. അല്‍ ഐന്‍ സാഖറിന്‌ സമീപം നിഅ്മയില്‍ താമസിക്കുന്ന സൈദ്‌ ബിന്‍ അലി ഉബൈദ്‌ അല്‍ ശംസി ഈ എഴുപതാം വയസ്സിലും അതിരാവിലെ ദിനേന ചന്തയിലെത്തുന്നു.

രാജ്യം മുപ്പത്തിയൊമ്പതാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ സൈദിനും ഓര്‍ക്കാനുണ്ട്‌ ഏറെ കാര്യങ്ങള്‍. ആധുനിക രീതിയിലുള്ള പാതകളോ വമ്പന്‍ കെട്ടിടങ്ങളോ ഇല്ലാത്ത ഒരു കാലവും രാഷ്ട്രപിതാവ്‌ ശൈഖ്‌ സായിദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ഈ മരുഭൂമിയെ പച്ചപ്പിണ്റ്റെയും സമ്പന്നതയുടെയും പ്രദേശമാക്കിയ വഴികളും അദ്ദേഹത്തിന്‌ ഓര്‍മ്മയുണ്ട്‌.

മുപ്പത്‌ വര്‍ഷത്തോളം അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നഗരസഭ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച സൈദ്‌ ബിന്‍ അലിക്ക്‌ ഇവിടത്തെ കച്ചവടക്കാരെ നന്നായറിയാം. അതില്‍ ഭൂരിഭാഗവും മലയാളികളാണ്‌. അവരുടെ പ്രിയപ്പെട്ട സൈദാണദ്ദേഹം.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ജോലിയില്‍ നിന്ന്‌ വിരമിച്ചതിന്‍ശേഷം ആട്‌ വളര്‍ത്തലും കൃഷിയുമായി കഴിയുന്ന സൈദ്‌ ദിനേന ചന്തയിലെത്തും. തണ്റ്റെ ജോലിക്കാരുമായി വന്ന്‌ ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച്‌ കൊണ്ട്‌ പോയി ആടുകള്‍ക്ക്‌ നല്‍കും.

ജോലിക്കാര്‍ തങ്ങളുടെ പണി തുടരുമ്പോള്‍ സൈദ്‌ ഓരോ കടയിലെയും കച്ചവടക്കാരുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കും. യു.എ.ഇ യുടെ പഴയ കാല ചിത്രങ്ങള്‍ സംസാരത്തില്‍ കടന്നു വരും.

ശൈഖ്‌ സായിദിണ്റ്റെ ഭരണത്തെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ കണ്ണുകള്‍ വിടരും. ഭരണ സാരഥ്യമെടുത്തതിന്‌ ശേഷം പൌരന്‍മാരുടെ ക്ഷേമം അനേഷിക്കുന്നതിനായി അര്‍ധ രാത്രി ടാക്സിയില്‍ സാധാരണക്കാരനെപ്പോലെ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാറുണ്ടത്രേ ശൈഖ്‌ സായ്ദ്‌. ഒരിക്കല്‍ ഇന്നത്തെ ക്ളോക്ക്‌ ടവറിന്‌ സമീപമുള്ള ശ്മശാനത്തിനടുത്ത്‌ വെച്ച്‌ അദ്ദേഹത്തെ സൈദ്‌ ബിന്‍ അലി കണ്ടണ്ടിട്ടുണ്ട്‌.

അല്‍ ഐന്‍ നഗരത്തില്‍ കുവൈത്താത്ത്‌, മനാസിര്‍, നിയാദാത്ത്‌, ഖലീഫ എന്നിങ്ങനെ നാല്‌ ശാബിയ (താമസയിടങ്ങള്‍) മാത്രമാണുണ്ടായിരുന്നതെന്ന്‌ സൈദ്‌ പറയുന്നു. ശൈഖ്‌ സായിദിണ്റ്റെ ഭരണത്തിലാണ്‌ മറ്റു പാര്‍പ്പിട കേന്ദ്രങ്ങളും പട്ടണങ്ങളും നിലവില്‍ വന്നത്‌. അല്‍ ഐനിനെയും അബൂദാബിയെയും ബന്ധിക്കുന്ന ഒരു പാത മാത്രമാണ്‌ നേരത്തെ ഉണ്ടണ്ടായിരുന്നതെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു

വളരെ രസികനാണ്‌ സൈദെന്നാണ്‌ കച്ചവടക്കാരനായ മലപ്പുറം തെന്നല സ്വദേശി ഉസ്മാണ്റ്റെ അഭിപ്രായം. ചന്തയിലെ ഓരോരുത്തരെയും പേരെടുത്ത്‌ വിളിച്ച്‌ അന്വേഷിക്കും. മലയാളികളോട്‌ പ്രത്യേക താല്‍പര്യം കാണിക്കുന്ന അദ്ദേഹം ആരെയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരോട്‌ അന്വേഷിക്കും.


സൈദ്‌ അലൈന്‍ ചന്തയില്‍.

ഈ ആഘോഷ വേളയില്‍ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായ്ദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാനെ അനുസ്മരിക്കുന്നതോടൊപ്പം, സൈദ്‌ ബിന്‍ അലി യു.എ.ഇ ഭരണാധികളോട്‌ അതിരറ്റ ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും അവര്‍ക്ക്‌ ആയുരാരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്യുന്നു. ഇവിടത്തെ കച്ചവടക്കാര്‍, ഭരണാധികാരികള്‍ക്കൊപ്പം തങ്ങളുടെ പ്രിയ സൈദിനും.

Sunday, November 28, 2010

പമ്പരവിഡ്ഢി

നിശ്ചലമായ പമ്പരത്തിലെ
വര്‍ണ്ണവരകളെണ്ണാനൊരുങ്ങാതെ,
കറങ്ങിത്തിരിയുന്ന നേരം
എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിച്ച
പമ്പരവിഡ്ഢിയാണ്‌ ഞാന്‍.

അറിയുന്ന നേരത്തെല്ലാം
അലയൊലികളുടെ
അര്‍ഥം തേടാതെ
ആടിയുലയും നേരം
കഠിന പ്രയത്നത്തിനെന്തു കാര്യം.

കാലമെണ്റ്റെ കൈകുമ്പിളിലാണെന്ന
അഹങ്കാരത്തിണ്റ്റെ ഫലം
കാലം കഴിയുമ്പോഴും
അറിഞ്ഞില്ലെങ്കില്
‍ഞാനെന്തിനു കൊള്ളും.

Wednesday, November 17, 2010

സംതൃപ്തി

അറുത്തുകൊള്ളുക, എന്‍ ഗളം
യജമാനണ്റ്റെ ആജ്ഞ
കാത്തുകൊള്ളുക പിതാവേ
എന്നോതിയ മകണ്റ്റെ ഹൃദയം
സ്വജീവനെയോര്‍ത്ത്‌ മുറിഞ്ഞില്ല.

കഴിയുന്നില്ല,
ജനയിതാവിണ്റ്റെ മനസ്സില്‍ തിരതല്ലിയ
വിചാരങ്ങള്‍ മനസ്സിലാക്കാന്‍.

അറിഞ്ഞു നാഥന്‍,
അടിമയുടെ സമര്‍പ്പണം,
അര്‍പ്പിക്കാന്‍ കല്‍പിച്ചു അജത്തെ,
അറുത്തു ദാനം നല്‍കുവാന്‍.

കൃതാര്‍ഥരായി കൂട്ടിപ്പിടിച്ചു, ഇരുവരും
നാഥണ്റ്റെ പ്രീതി പറ്റിയ മനവുമായി.

Monday, November 1, 2010

മതില്‍

ഒരു കഷ്ണം ചോക്ക്
വന്ന്‍ പതിക്കും വരെ
എന്‍റെയുള്ളില്‍ പുകഞ്ഞിരുന്ന
ചിന്തകള്‍ പൊട്ടി ത്തെറിച്ചില്ല.

എന്നാല്‍, ആ കുമ്മായ ത്തുണ്ട്
തല തുളച്ചു കയറി
ഒരു തുള്ളി ചോര
ബലിക്കല്ലില്‍ വീഴ്ത്തിയപ്പോള്‍
സ്ഫോടനത്തില്‍ തകര്‍ന്ന തലയോട്
ചുമരുകളായി എനിക്ക്
കാവല്‍ നിന്നു.

Sunday, October 24, 2010

വേര്‍പാട്

കണ്ണില്‍ ചുവപ്പ് കണ്ടെന്‍റെ,
കവിളില്‍ തലോടി-
കുശലം പറഞ്ഞൊതുക്കിയ
സങ്കടം
കവിഞ്ഞൊഴുകുന്നു പ്രിയനേ,
നിന്‍ വേര്‍പാടറിയാതെ
പോയതില്‍.

ഇരുട്ടില്‍ നിന്നെന്നെ
കൈപിടിച്ചുയര്‍ത്തി
വെട്ടത്തിലെത്തിയപ്പോള്‍,
നിന്‍ വിരല്‍ത്തുമ്പിന്‍ സ്പര്‍ശം
മറന്നുപോയതില്‍
പൊറുത്താലും
പ്രിയ സ്നേഹിതാ.

Tuesday, September 14, 2010

പെരുന്നാള്‍ സന്തോഷം

പ്രഭ പരത്തുന്ന തെരുവുകള്‍,
മിന്നിത്തിളങ്ങുന്ന പനയോലകള്‍.
പെരുന്നാള്‍ നിലാവ്‌
മാനത്ത്‌ പൊങ്ങിയ സന്തോഷം,
മനസ്സിലിറങ്ങി കിടുത്തു തുടങ്ങി.

പുതു വസ്ത്രം തൊടുമ്പോള്‍,
എണ്ണതേച്ച്‌ കുളിച്ച്‌ സുഗന്ധം പൂശി
കുഞ്ഞുടുപ്പിട്ട്‌ കൈവിരലില്‍ തൂങ്ങി
നടന്നതോര്‍ക്കും.

ബിരിയാണിയുടെ രുചി
നാവിലിറങ്ങുന്നേരം,
ഓര്‍ക്കും, പായില്‍ വട്ടമിട്ടിരുന്നുണ്ട
പെരുന്നാള്‍ സദ്യയുടെ സുകൃതം.

രാവില്‍ പൊങ്ങിയുയരും,
നെടുവീര്‍പ്പുകള്‍,
ഈ പെരുന്നാളില്‍ ആയിരം
മടങ്ങായി വര്‍ധിച്ചെന്നറിയുന്നു.

സിറാജ്‌ ദിനപത്രം - ദുബൈ,
പെരുന്നാള്‍ നിലാവ്‌ -
ഈദ്‌ സ്പെഷല്‍ (10-09-2010)

Saturday, December 12, 2009

മഴ

പെരുമ്പറകൊട്ടും പോലൊരു സംഗീതം,
ഞാനിന്നാസ്വദിച്ചു.
ഉരുക്കു മേല്‍ക്കൂരയിലാഞ്ഞടിച്ച മഴത്തുള്ളികള്‍,
തടയാനേല്‍പിച്ച കരിങ്കല്‍പാറകളില്‍
തലയടിച്ചമരുന്ന,
തിരമാലകളെയോര്‍മ്മിപ്പിച്ചു.
പരന്നു കിടക്കുന്ന മേല്‍ക്കൂരയില്‍,
ഊക്കില്‍ വീണു പരന്നൊഴുകി,
കോണുകളിലൂടെ ചാലിട്ടൊഴുകി,
ചെളിയും ചേറും കഴുകിക്കൂട്ടി,
അഴുക്കു ചാലു തേടി ആര്‍ത്തലച്ചു,
ചെറു പുഴയായൊഴുകിത്തീര്‍ന്നു.