Thursday, December 2, 2010

മലയാളികളുടെ പ്രിയ സൈദ്‌.

സൈദ്‌ ബിന്‍ അലി
ഉബൈദ് അല ശംസി.


അസ്സലാമു അലൈക്കും...
കൈഫല്‍ ഹാല്‍.. തമാം?
വൈന്‍ ഉസ്മാന്‍, വൈന്‍ അബ്ദുറഹ്മാന്‍...

അതിരാവിലെ കുശലാന്വേഷണങ്ങളുമായി വരുന്ന സ്വദേശി പ്രമുഖന്‍ അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നിത്യ സാന്നിധ്യമാണ്‌. അല്‍ ഐന്‍ സാഖറിന്‌ സമീപം നിഅ്മയില്‍ താമസിക്കുന്ന സൈദ്‌ ബിന്‍ അലി ഉബൈദ്‌ അല്‍ ശംസി ഈ എഴുപതാം വയസ്സിലും അതിരാവിലെ ദിനേന ചന്തയിലെത്തുന്നു.

രാജ്യം മുപ്പത്തിയൊമ്പതാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ സൈദിനും ഓര്‍ക്കാനുണ്ട്‌ ഏറെ കാര്യങ്ങള്‍. ആധുനിക രീതിയിലുള്ള പാതകളോ വമ്പന്‍ കെട്ടിടങ്ങളോ ഇല്ലാത്ത ഒരു കാലവും രാഷ്ട്രപിതാവ്‌ ശൈഖ്‌ സായിദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ഈ മരുഭൂമിയെ പച്ചപ്പിണ്റ്റെയും സമ്പന്നതയുടെയും പ്രദേശമാക്കിയ വഴികളും അദ്ദേഹത്തിന്‌ ഓര്‍മ്മയുണ്ട്‌.

മുപ്പത്‌ വര്‍ഷത്തോളം അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ നഗരസഭ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച സൈദ്‌ ബിന്‍ അലിക്ക്‌ ഇവിടത്തെ കച്ചവടക്കാരെ നന്നായറിയാം. അതില്‍ ഭൂരിഭാഗവും മലയാളികളാണ്‌. അവരുടെ പ്രിയപ്പെട്ട സൈദാണദ്ദേഹം.

പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ജോലിയില്‍ നിന്ന്‌ വിരമിച്ചതിന്‍ശേഷം ആട്‌ വളര്‍ത്തലും കൃഷിയുമായി കഴിയുന്ന സൈദ്‌ ദിനേന ചന്തയിലെത്തും. തണ്റ്റെ ജോലിക്കാരുമായി വന്ന്‌ ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച്‌ കൊണ്ട്‌ പോയി ആടുകള്‍ക്ക്‌ നല്‍കും.

ജോലിക്കാര്‍ തങ്ങളുടെ പണി തുടരുമ്പോള്‍ സൈദ്‌ ഓരോ കടയിലെയും കച്ചവടക്കാരുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കും. യു.എ.ഇ യുടെ പഴയ കാല ചിത്രങ്ങള്‍ സംസാരത്തില്‍ കടന്നു വരും.

ശൈഖ്‌ സായിദിണ്റ്റെ ഭരണത്തെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ കണ്ണുകള്‍ വിടരും. ഭരണ സാരഥ്യമെടുത്തതിന്‌ ശേഷം പൌരന്‍മാരുടെ ക്ഷേമം അനേഷിക്കുന്നതിനായി അര്‍ധ രാത്രി ടാക്സിയില്‍ സാധാരണക്കാരനെപ്പോലെ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാറുണ്ടത്രേ ശൈഖ്‌ സായ്ദ്‌. ഒരിക്കല്‍ ഇന്നത്തെ ക്ളോക്ക്‌ ടവറിന്‌ സമീപമുള്ള ശ്മശാനത്തിനടുത്ത്‌ വെച്ച്‌ അദ്ദേഹത്തെ സൈദ്‌ ബിന്‍ അലി കണ്ടണ്ടിട്ടുണ്ട്‌.

അല്‍ ഐന്‍ നഗരത്തില്‍ കുവൈത്താത്ത്‌, മനാസിര്‍, നിയാദാത്ത്‌, ഖലീഫ എന്നിങ്ങനെ നാല്‌ ശാബിയ (താമസയിടങ്ങള്‍) മാത്രമാണുണ്ടായിരുന്നതെന്ന്‌ സൈദ്‌ പറയുന്നു. ശൈഖ്‌ സായിദിണ്റ്റെ ഭരണത്തിലാണ്‌ മറ്റു പാര്‍പ്പിട കേന്ദ്രങ്ങളും പട്ടണങ്ങളും നിലവില്‍ വന്നത്‌. അല്‍ ഐനിനെയും അബൂദാബിയെയും ബന്ധിക്കുന്ന ഒരു പാത മാത്രമാണ്‌ നേരത്തെ ഉണ്ടണ്ടായിരുന്നതെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു

വളരെ രസികനാണ്‌ സൈദെന്നാണ്‌ കച്ചവടക്കാരനായ മലപ്പുറം തെന്നല സ്വദേശി ഉസ്മാണ്റ്റെ അഭിപ്രായം. ചന്തയിലെ ഓരോരുത്തരെയും പേരെടുത്ത്‌ വിളിച്ച്‌ അന്വേഷിക്കും. മലയാളികളോട്‌ പ്രത്യേക താല്‍പര്യം കാണിക്കുന്ന അദ്ദേഹം ആരെയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരോട്‌ അന്വേഷിക്കും.


സൈദ്‌ അലൈന്‍ ചന്തയില്‍.

ഈ ആഘോഷ വേളയില്‍ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായ്ദ്‌ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാനെ അനുസ്മരിക്കുന്നതോടൊപ്പം, സൈദ്‌ ബിന്‍ അലി യു.എ.ഇ ഭരണാധികളോട്‌ അതിരറ്റ ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും അവര്‍ക്ക്‌ ആയുരാരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്യുന്നു. ഇവിടത്തെ കച്ചവടക്കാര്‍, ഭരണാധികാരികള്‍ക്കൊപ്പം തങ്ങളുടെ പ്രിയ സൈദിനും.

Sunday, November 28, 2010

പമ്പരവിഡ്ഢി

നിശ്ചലമായ പമ്പരത്തിലെ
വര്‍ണ്ണവരകളെണ്ണാനൊരുങ്ങാതെ,
കറങ്ങിത്തിരിയുന്ന നേരം
എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിച്ച
പമ്പരവിഡ്ഢിയാണ്‌ ഞാന്‍.

അറിയുന്ന നേരത്തെല്ലാം
അലയൊലികളുടെ
അര്‍ഥം തേടാതെ
ആടിയുലയും നേരം
കഠിന പ്രയത്നത്തിനെന്തു കാര്യം.

കാലമെണ്റ്റെ കൈകുമ്പിളിലാണെന്ന
അഹങ്കാരത്തിണ്റ്റെ ഫലം
കാലം കഴിയുമ്പോഴും
അറിഞ്ഞില്ലെങ്കില്
‍ഞാനെന്തിനു കൊള്ളും.

Wednesday, November 17, 2010

സംതൃപ്തി

അറുത്തുകൊള്ളുക, എന്‍ ഗളം
യജമാനണ്റ്റെ ആജ്ഞ
കാത്തുകൊള്ളുക പിതാവേ
എന്നോതിയ മകണ്റ്റെ ഹൃദയം
സ്വജീവനെയോര്‍ത്ത്‌ മുറിഞ്ഞില്ല.

കഴിയുന്നില്ല,
ജനയിതാവിണ്റ്റെ മനസ്സില്‍ തിരതല്ലിയ
വിചാരങ്ങള്‍ മനസ്സിലാക്കാന്‍.

അറിഞ്ഞു നാഥന്‍,
അടിമയുടെ സമര്‍പ്പണം,
അര്‍പ്പിക്കാന്‍ കല്‍പിച്ചു അജത്തെ,
അറുത്തു ദാനം നല്‍കുവാന്‍.

കൃതാര്‍ഥരായി കൂട്ടിപ്പിടിച്ചു, ഇരുവരും
നാഥണ്റ്റെ പ്രീതി പറ്റിയ മനവുമായി.

Monday, November 1, 2010

മതില്‍

ഒരു കഷ്ണം ചോക്ക്
വന്ന്‍ പതിക്കും വരെ
എന്‍റെയുള്ളില്‍ പുകഞ്ഞിരുന്ന
ചിന്തകള്‍ പൊട്ടി ത്തെറിച്ചില്ല.

എന്നാല്‍, ആ കുമ്മായ ത്തുണ്ട്
തല തുളച്ചു കയറി
ഒരു തുള്ളി ചോര
ബലിക്കല്ലില്‍ വീഴ്ത്തിയപ്പോള്‍
സ്ഫോടനത്തില്‍ തകര്‍ന്ന തലയോട്
ചുമരുകളായി എനിക്ക്
കാവല്‍ നിന്നു.

Sunday, October 24, 2010

വേര്‍പാട്

കണ്ണില്‍ ചുവപ്പ് കണ്ടെന്‍റെ,
കവിളില്‍ തലോടി-
കുശലം പറഞ്ഞൊതുക്കിയ
സങ്കടം
കവിഞ്ഞൊഴുകുന്നു പ്രിയനേ,
നിന്‍ വേര്‍പാടറിയാതെ
പോയതില്‍.

ഇരുട്ടില്‍ നിന്നെന്നെ
കൈപിടിച്ചുയര്‍ത്തി
വെട്ടത്തിലെത്തിയപ്പോള്‍,
നിന്‍ വിരല്‍ത്തുമ്പിന്‍ സ്പര്‍ശം
മറന്നുപോയതില്‍
പൊറുത്താലും
പ്രിയ സ്നേഹിതാ.

Tuesday, September 14, 2010

പെരുന്നാള്‍ സന്തോഷം

പ്രഭ പരത്തുന്ന തെരുവുകള്‍,
മിന്നിത്തിളങ്ങുന്ന പനയോലകള്‍.
പെരുന്നാള്‍ നിലാവ്‌
മാനത്ത്‌ പൊങ്ങിയ സന്തോഷം,
മനസ്സിലിറങ്ങി കിടുത്തു തുടങ്ങി.

പുതു വസ്ത്രം തൊടുമ്പോള്‍,
എണ്ണതേച്ച്‌ കുളിച്ച്‌ സുഗന്ധം പൂശി
കുഞ്ഞുടുപ്പിട്ട്‌ കൈവിരലില്‍ തൂങ്ങി
നടന്നതോര്‍ക്കും.

ബിരിയാണിയുടെ രുചി
നാവിലിറങ്ങുന്നേരം,
ഓര്‍ക്കും, പായില്‍ വട്ടമിട്ടിരുന്നുണ്ട
പെരുന്നാള്‍ സദ്യയുടെ സുകൃതം.

രാവില്‍ പൊങ്ങിയുയരും,
നെടുവീര്‍പ്പുകള്‍,
ഈ പെരുന്നാളില്‍ ആയിരം
മടങ്ങായി വര്‍ധിച്ചെന്നറിയുന്നു.

സിറാജ്‌ ദിനപത്രം - ദുബൈ,
പെരുന്നാള്‍ നിലാവ്‌ -
ഈദ്‌ സ്പെഷല്‍ (10-09-2010)

Saturday, December 12, 2009

മഴ

പെരുമ്പറകൊട്ടും പോലൊരു സംഗീതം,
ഞാനിന്നാസ്വദിച്ചു.
ഉരുക്കു മേല്‍ക്കൂരയിലാഞ്ഞടിച്ച മഴത്തുള്ളികള്‍,
തടയാനേല്‍പിച്ച കരിങ്കല്‍പാറകളില്‍
തലയടിച്ചമരുന്ന,
തിരമാലകളെയോര്‍മ്മിപ്പിച്ചു.
പരന്നു കിടക്കുന്ന മേല്‍ക്കൂരയില്‍,
ഊക്കില്‍ വീണു പരന്നൊഴുകി,
കോണുകളിലൂടെ ചാലിട്ടൊഴുകി,
ചെളിയും ചേറും കഴുകിക്കൂട്ടി,
അഴുക്കു ചാലു തേടി ആര്‍ത്തലച്ചു,
ചെറു പുഴയായൊഴുകിത്തീര്‍ന്നു.

Sunday, March 1, 2009

സംശയം!

കേള്‍ക്കുക എന്നാല്‍ എന്താണ്?
കാണുക എന്നാലോ?
കണ്ടാലും കേട്ടാലും,
കാണാത്ത, കേള്‍കാത്തവനെ
എന്ത് വിളിക്കും?
കണ്ണില്ലാത്തവനെന്നോ?
കാതില്ലാത്തവനെന്നോ?
മന്ദബുദ്ധിയോ?
കുരങ്ങനോ?
അതോ ഗോര്‍ബചെവോ?

Saturday, August 4, 2007

കലാമിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ "ഇഗ്നൈറ്‍റഡ് മൈന്‍റി"ന്‍റെ പുതിയരൂപവുമായി ഹനീഫ.

അവലംബം: 'സിറാജ്' ദിനപത്രം 2007 ആഗസ്ത് 7 ശനി, പേജ് 9, ദുബൈ എഡിഷന്‍ (വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍)
തിരൂര്‍‍: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കലാമിന്‍റെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിനായി ഏറെ പരിശ്രമിച്ച എടരിക്കോട് സ്വദേശി ഹനീഫ പുതുപ്പറംപ് ശ്രദ്ധേയനാകുന്നു.
തിരൂര്‍‍‍ എസ്.എസ്.എം.പോളിടെക്നിക് കോളേജ് ലക്ചററായ ഹനീഫ കലാമിന്‍റെ 'ഇഗ്നൈറ്‍റഡ് മൈന്‍റ്' എന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുതകുന്ന രൂപത്തില്‍ പാകപ്പെടുത്തി പുന:പ്രസിദ്ധീകരിച്ച് കേരള സംസ്ഥാന പോളിടെക്നിക് സിലബസില്‍ ഭാഷാപഠനത്തിന് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് സിലബസില്‍ ഇംഗ്ളീഷ് ഭാഷാപഠന പുസ്തകങ്ങള്‍ സമൂലമായി പരിഷ്കരിക്കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് സംസ്ഥാന പോളിടെക്നിക് റിവിഷന്‍ കമ്മിറ്‍റി അംഗമായ ഹനീഫ് ഈ ആശയം മുന്നോട്ട് വെച്ചത്. അതിനായി മുന്‍ രാഷ്ട്രപതിയുടെ പുസ്തകം പരീക്ഷ അനുബന്ധമായ പഠനകുറിപ്പുകളും കീനോട്ടുകളും തയ്യാറാക്കി പാഠ്യപുസ്തകരൂപത്തിലാക്കുന്ന ചുമതല ഏറ്‍റെടുത്ത് നടത്തിയതും ഹനീഫ തന്നെ.
കഴിഞ്ഞ 14 വര്‍ഷമായി തിരൂര്‍‍‍ എസ്.എസ്.എം.പോളിടെക്നിക് കോളേജ് ഇംഗ്ളീഷ് ലക്ചററായി സേവനമനുഷ്ടിക്കുന്ന ഹനീഫ എടരിക്കോട്ടെ പുതുപറംപ് അഹമ്മദിന്‍റെയും ആഇശയുടെയും മകനാണ്. കോഴിക്കോട് ഫാറൂഖ് കോളേജിലായിരുന്നു ഉപരിപഠനം

Saturday, July 21, 2007

എസ്എഫ്ഐ സമ്മര്‍ദം: വിഎച്ച്എസ്ഇ ഉത്തരവ് പിന്‍വലിച്ചു

Dated: Saturday, July 21, 2007 2:24 IST
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലെ കോഴ്സുകള്‍ ഡിപ്ളോമയ്ക്കു തുല്യമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് എസ്എഫ്ഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നു സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടു വര്‍ഷത്തെ വിഎച്ച്എസ്ഇ കോഴ്സും തുടര്‍ന്ന് ഒരു വര്‍ഷത്തെ അപ്രിന്‍റ്‍റീസ്ഷിപ്പും ഡിപ്ളോമയ്ക്കു തുല്യമായി അംഗീകരിച്ചു കഴിഞ്ഞ മാസം 22ന് ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ എസ്എഫ്ഐ രംഗത്തുവന്നു.
പോളിടെക്നിക്കില്‍ നിന്നു ഡിപ്ളോമ നേടുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ ഈ ഉത്തരവ് ബാധിക്കുമെന്ന് ആരോപിച്ചു പിഎസ്സി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ എസ്എഫ്ഐക്കാര്‍, പിഎസ്സി ഓഫിസിലെ സിപിഎംകാരായ രണ്ടു ജീവനക്കാരെ മര്‍ദിച്ചതു വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഒറ്‍റവരിയിലുള്ള ഉത്തരവിലൂടെയാണ് ആദ്യ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കിയത്. ആദ്യ ഉത്തരവിലെ ഒന്‍പതാം ഖണ്ഡിക തല്‍ക്കാലം മരവിപ്പിക്കുന്നുവെന്നേ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നുള്ളു. രണ്ടാം ഉത്തരവ് മാത്രമായി വായിച്ചാല്‍ എന്താണു തീരുമാനമെന്ന് ആര്‍ക്കും മനസ്സിലാവില്ല. പക്ഷേ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ്‍റിന്‍റ്‍റെ നിവേദനത്തിന്‍റ്‍റെ അടിസ്ഥാനത്തിലാണ് ഇതു മരവിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
(c) manoramaonline.com

Friday, July 13, 2007

വി.എച്ച്.എസ്.സി. യും ഡിപ്ളോമയും

(മൂന്നു ഭാഗങ്ങള്‍. മുഴുവന്‍ ഭാഗങ്ങളും ലഭിക്കാന്‍ തലക്കെട്ടില്‍ ക്ളിക് ചെയ്യുക)
വി.എച്ച്.എസ്.സി., ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പിനുശേഷം പോളി ഡിപ്ളോമക്ക് തുല്യമാക്കുന്ന കേരള സര്‍ക്കാരിന്‍റ്‍റെ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. ഈ അടുത്ത കാലം വരെ പോളി ഡിപ്ളോമക്കാര്‍ക്ക് കേരളത്തില്‍ ഉന്നതപഠനസൌകര്യം ലഭ്യമായിരുന്നില്ല എന്നോര്‍ക്കേണ്ടതുണ്ട്. അത് മൂലം, ഭൂരിഭാഗം ഡിപ്ളോമക്കാര്‍ക്കും, അതില്‍ തന്നെ ഒതുങ്ങിക്കൂടുകയോ, വന്‍തുക നല്‍കി മറ്‍റുസംസ്ഥാനങ്ങളിലെ എഞ്ചിനീയറിംഗ് കോളെജുകളെ ആശ്രയിക്കേണ്ടിവരികയോ, ഒന്നോ രണ്ടോ വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്ത്, ഈവനിംഗ് കോഴ്സ് സൌകര്യമുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേരുകയോ ചെയ്യേണ്ടി വന്നിരുന്നു. സിലബസും, പഠന രീതിയും നോക്കിയാല്‍ തന്നെ, വി.എച്ച്.എസ്.സി.ഒരിക്കലും പോളി.ഡിപ്ളോമക്ക് തുല്യമാവില്ല എന്ന് ആര്‍ക്കും മനസ്സിലാവുന്നതാണ്. വിവിധ മേഖലകളിലെ പ്രവൃത്തിപരിചയം കൊണ്ടും മറ്‍റും, പലപ്പോഴും എഞ്ചിനീയറിംഗ് ബിരുദധാരികളേക്കാളും കഴിവ് തെളിയിക്കാറുണ്ട്. പോളി ഡിപ്ളോമക്കാരുടെ അവസരങ്ങളും, നിലവാരവും തകര്‍ക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു

സിറാജ് ദിനപത്രം, ദുബായ് എഡിഷന്‍ - വായനാക്കരുടെ എഴുത്തുകള്‍- ജൂലൈ 8, ബുധന്‍, 2007
അനുബന്ധം:
വി.എച്ച്.എസ്.സി. എഞ്ചിനീറിംഗ് ഡിപ്ളോമക്ക് തുല്യമാക്കരുതെന്ന്
തിരുവനന്തപുരം.: ത്രിവത്സര എഞ്ചിനീറിംഗ് ഡിപ്ളോമക്ക് തത്തുല്യമായി ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പോട് കൂടിയ വി.എച്ച്.എസ്.സി. യെ പരിഗണിക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഡിപ്ളോമ എഞ്ചിനീറിംഗ് ടീച്ചേഴ്സ് ഒര്‍ഗനൈസേഷന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എഞ്ചിനീറിംഗ് ഡിപ്ളോമയുടെയും പോളിടെക്നിക് വിദ്യാഭ്യാസത്തിന്‍റ്‍റെയും നിലവാരം ഇടിച്ചു താഴ്ത്തുന്ന നടപടിയാണിത്. സ്വകാര്യ- വി.എച്ച്.എസ്.സി. മാനേജ്മന്‍റ്‍റുകളുടെ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളത്. വി.എച്ച്.എസ്.സി. സ്വയം തൊഴിലിനു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്‍റ് കോഴ്സ് മാത്രമാണ്.
ഉത്തരവ് ഡിപ്ളോമ വിദ്യാര്‍ഥികളെയും അധ്യാപകരേയും സാരമായി ബാധിക്കുമെന്നും ഉത്തരവ് പിന്‍വലിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ഐ.ഈശോ, എം.വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സിറാജ് ദിനപത്രം-ദുബൈ എഡിഷന്‍ - 2007 ജൂലൈ 12, വ്യാഴം, പേജ് 8

വാര്‍ത്ത.
വി എച്ച് എസ് സി ക്ക് ഡിപ്ളോമ പദവി: തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍
‍തിരൂര്‍: വി എച്ച് എസ് സി കോഴ്സിന് ശേഷം ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് കൂടി കഴിയുന്നതോടെ ഈ കോഴ്സിന് ഡിപ്ളോമ തതുല്യ പരിഗണന നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. കഴിഞ്ഞ മാസം ൨൨ നാണ് വിവാദ ഉത്തരവ് (ജി ഒ (എം എസ്) നംപര്‍ 116/07/ജി ഇ 22-06-07) പുറത്ത് വന്നത്. ഇതുപ്രകാരം കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ക്കാണ് തതുല്യപരിഗണന നല്‍കിയിരുന്നത്. കൂടാതെ വി എച്ച് എസ് സി യിലെ 42 കോഴ്സുകളില്‍ 16 എണ്ണത്തിന് കൂടി സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. റബ്ബര്‍ ടെക്നോളജി, ടെക്സ്റ്‍റയില്‍ ഡൈയിംഗ് ആന്‍റ്‍റ് പ്രിന്‍റ്‍റിംഗ്, ടെക്സ്റ്‍റയില്‍ വീവിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നീ വി എച്ച് എസ് സി കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പോളി ത്രിവത്സര ഡിപ്ളോമക്ക് തുല്യമായി അംഗീകരിക്കും.
ഇതിന് പുറമെ രണ്ടു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയക്കിയാല്‍ സമാനകോഴ്സിലെ ഡിപ്ളോമക്കോ അല്ലെങ്കില്‍ സമാന മേഖലയിലെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തിനോ പരിഗണിക്കും.
എന്നാല്‍ സര്‍ക്കാരിന്‍റ്‍റെ പുതിയ തീരുമാനത്തിനെതിരെ പോളി വിദ്യാര്‍ഥികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 25 പേപ്പറിലധികം എഴുതി പാസാകുന്ന പോളിടെക്നിക്ക് വിദ്യാര്‍ഥിയും രണ്ടു വര്‍ഷട്ടെ അഞ്ചു പേപ്പര്‍ എഴുതി പാസാകുന്ന വിദ്യാര്‍ഥിയും തുല്യ പരിഗണന ലഭിക്കുന്ന തീരുമാനമാണിതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇതിനെതിരെ ശക്തമായി സമരരംഗത്തിറങ്ങാനാണ് പോളി വിദ്യാര്‍ഥികളുടെ തീരുമാനം. ഒന്നുകില്‍ നിയയമം പിന്‍വലിക്കുക അല്ലെങ്കില്‍ പോളിഡിപ്ളോമക്ക് ശേഷം ഒരു വര്‍ഷത്തെ അപ്രന്‍റ്‍റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോളി ഡിപ്ളോമയെ ബിടെകിന് തുല്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. പുതിയ ഉത്തരവ് സംബന്ധിച്ച് ജോയിന്‍റ്‍റ് ഡയക്ടറേറ്‍റ് ഓഫീസുള്‍പ്പെടെ ബന്ധപ്പെട്ടവര്‍ കൈ മലര്‍ത്തുകയാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാന ടെക്നിക്കല്‍ ഡയക്ടറോ ആണെന്ന് അധികൃതര്‍ പറഞ്ഞു.
സിറാജ് ദിനപത്രം-ദുബൈ എഡിഷന്‍ - 2007 ജൂലൈ 8, ഞായര്‍, പേജ് 8

Friday, May 18, 2007

സ്മാര്‍ട്ട് സിറ്റി കരാറും മൂന്നാര്‍ ഓപ്പറേഷനും ബാക്കി വെക്കുന്നത്

വിലപേശലുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ വരുമെന്നുറപ്പായിരുക്കുന്നു. കേരളത്തിലെ ഒരു വലിയ വിഭാഗം വിദ്യാസമ്പന്നര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയെ ഏവരും സ്വാഗതം ചെയ്യുന്നു. കേരളീയരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരാര്‍ തയ്യാറാക്കി ഒപ്പിടാന്‍ കഴിഞ്ഞതില്‍ സര്‍ക്കാറിനെ നമുക്ക് അഭിനന്ദിക്കാം. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു.
സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് ദുബൈ ടീകോമുമായി സഹകരിച്ചാണല്ലോ. ഈ ബന്ധം, ഗള്‍ഫുരാജ്യങ്ങളും കേരളവും തമ്മില്‍ പൌരാണിക കാലം മുതലുള്ള ബന്ധത്തിന് ശക്തി പകരുമെന്നതിന് സംശയമില്ല. മലയാളിയുടെ വൈഭവം എല്ലാ രാജ്യങ്ങളിലും കാണുന്നത് പോലെ ടീകോമിന്‍റെ തലപ്പത്തും നാം കാണുന്നുണ്ട്. എന്തുകൊണ്ട് മറ്റുള്ളവരുടെ സഹായം കൂടാതെ നമുക്ക് - മലയാളികള്‍ക്ക്-ഇത്തരം പദ്ധതികള്‍ പ്രയോഗവല്‍കരിക്കാന്‍ പറ്റില്ല. തിരുവനന്തപുരം ടെക്നോപാര്‍ക്കും, എന്തിന് കൊച്ചി ഇന്‍ഫോപാര്‍ക്ക് തന്നെ നമ്മള്‍ തന്നെയല്ലേ നിര്‍മ്മിച്ചതും നടത്തുന്നതും.
വിദേശനിക്ഷേപവും സഹായവും കൊണ്ട് മാത്രമേ നമ്മുടെ നാട്ടില്‍ വലിയ വികസനവും തൊഴിലവസരവും സാധിക്കയുള്ളൂ എന്ന ധാരണ മുന്‍സര്‍ക്കാര്‍ നമ്മുടെയിടയില്‍ വളര്‍ത്തിയിരുന്നു. ആ ധാരണ തകര്‍ക്കുന്നത് സര്‍ക്കാറിന് മോശപ്പേര് ഉണ്ടാക്കുമെന്ന് തോന്നിയത് കൊണ്ടാണോ നമ്മുടെ കഴിവുകളെ വിലകുറച്ചു കാണുന്നത്.
സ്മാര്‍ട്ട് സിറ്റിയുടെ വാര്‍ത്തകളോടൊപ്പം, മൂന്നാറിലെ റിസോര്‍ട്ടുകളും മറ്റും പൊളിച്ചുമാറ്റി‍ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പുക്കുന്നതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തരം മനോഹരങ്ങളായ വന്‍കെട്ടിടങ്ങള്‍ പൊളിച്ചു കളയുന്നത് കാണുമ്പോള്‍ സാധാരണക്കാരായ നമുക്കൊന്നും തോന്നുന്നില്ലേ? സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചത് കൊണ്ടാണല്ലോ ഇത്തരം കെട്ടിടങ്ങള്‍ അനധികൃതമായത്. ഭൂമിയില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കുന്ന ഇഷ്ടികകളും സിമന്‍റ് ‍കട്ടകളുമാണ് ഇവയുടെ അവശിഷ്ടങ്ങള്‍. ഇവയെല്ലാം എവിടെയാണ് സര്‍ക്കാര്‍ നിക്ഷേപിക്കാന്‍ പോവുന്നത്? പരിസ്ഥിതിയുടെ തനിമ നിലനിര്‍ത്താന്‍ പൊളിച്ചുകളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മ‍റ്റൊരു പ്രശ്നമാവാതെ മാറ്റാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?. ഇത്തരം കെട്ടിടങ്ങള്‍ പെട്ടെന്ന് പൊളിച്ചു മാറ്റുന്നതിന് പകരം ഒരു ഉത്തരവിലൂടെ ഏറ്റെടുത്ത്,പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിദഗ്ദരുടെയും ഉപദേശമനുസരിച്ച്, മൂന്നാറി‍ന്‍റ ജൈവസമ്പത്തിന് കോട്ടം വരുത്തുന്ന കെട്ടിടങ്ങളെല്ലാം പൊളിച്ച് കളയുകയും അവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്പെടുന്ന കെട്ടിടങ്ങള്‍ നിലനിര്‍ത്തുകയുമായിരുന്നില്ലേ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാറിന് പഴയ സൌന്ദര്യം മടക്കിക്കിട്ടാന്‍ സര്‍ക്കാറിന്‍റ പ്രവര്‍ത്തനങ്ങള്‍ക്കാവുമെന്ന് പ്രതീക്ഷിക്കാം
വായനക്കാരുടെ എഴുത്തുകള്‍ -ദുബായ് സിറാജ് ദിനപത്രം - 2007 മെയ് 17 വ്യാഴം

Monday, March 26, 2007

അതിഥി

ആരും നോക്കാതെയിരുന്ന കൂട്ടില്‍,
അവകാശം സ്ഥാപിച്ചു ഞാന്‍.

അരിയുടെ എണ്ണം നോക്കാതെ,
അടുപ്പത്ത് വെള്ളം തിളപ്പിച്ചു.

അറിയിപ്പില്ലാതെ കടന്നു വരുന്ന
അതിഥിയുടെ കാലൊച്ച കാത്തിരുന്നു.

അവസാനം, അവന്‍ വന്നെന്‍റെ
ആത്മാവ് പറിച്ചു കൊണ്ടു പോയി.

ദുബായ് സിറാജ് ദിനപത്രം ഫ്രൈഡേ ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത് - 23 മാര്‍ച്ച് 2007