Friday, May 18, 2007

സ്മാര്‍ട്ട് സിറ്റി കരാറും മൂന്നാര്‍ ഓപ്പറേഷനും ബാക്കി വെക്കുന്നത്

വിലപേശലുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ വരുമെന്നുറപ്പായിരുക്കുന്നു. കേരളത്തിലെ ഒരു വലിയ വിഭാഗം വിദ്യാസമ്പന്നര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയെ ഏവരും സ്വാഗതം ചെയ്യുന്നു. കേരളീയരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരാര്‍ തയ്യാറാക്കി ഒപ്പിടാന്‍ കഴിഞ്ഞതില്‍ സര്‍ക്കാറിനെ നമുക്ക് അഭിനന്ദിക്കാം. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു.
സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് ദുബൈ ടീകോമുമായി സഹകരിച്ചാണല്ലോ. ഈ ബന്ധം, ഗള്‍ഫുരാജ്യങ്ങളും കേരളവും തമ്മില്‍ പൌരാണിക കാലം മുതലുള്ള ബന്ധത്തിന് ശക്തി പകരുമെന്നതിന് സംശയമില്ല. മലയാളിയുടെ വൈഭവം എല്ലാ രാജ്യങ്ങളിലും കാണുന്നത് പോലെ ടീകോമിന്‍റെ തലപ്പത്തും നാം കാണുന്നുണ്ട്. എന്തുകൊണ്ട് മറ്റുള്ളവരുടെ സഹായം കൂടാതെ നമുക്ക് - മലയാളികള്‍ക്ക്-ഇത്തരം പദ്ധതികള്‍ പ്രയോഗവല്‍കരിക്കാന്‍ പറ്റില്ല. തിരുവനന്തപുരം ടെക്നോപാര്‍ക്കും, എന്തിന് കൊച്ചി ഇന്‍ഫോപാര്‍ക്ക് തന്നെ നമ്മള്‍ തന്നെയല്ലേ നിര്‍മ്മിച്ചതും നടത്തുന്നതും.
വിദേശനിക്ഷേപവും സഹായവും കൊണ്ട് മാത്രമേ നമ്മുടെ നാട്ടില്‍ വലിയ വികസനവും തൊഴിലവസരവും സാധിക്കയുള്ളൂ എന്ന ധാരണ മുന്‍സര്‍ക്കാര്‍ നമ്മുടെയിടയില്‍ വളര്‍ത്തിയിരുന്നു. ആ ധാരണ തകര്‍ക്കുന്നത് സര്‍ക്കാറിന് മോശപ്പേര് ഉണ്ടാക്കുമെന്ന് തോന്നിയത് കൊണ്ടാണോ നമ്മുടെ കഴിവുകളെ വിലകുറച്ചു കാണുന്നത്.
സ്മാര്‍ട്ട് സിറ്റിയുടെ വാര്‍ത്തകളോടൊപ്പം, മൂന്നാറിലെ റിസോര്‍ട്ടുകളും മറ്റും പൊളിച്ചുമാറ്റി‍ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പുക്കുന്നതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തരം മനോഹരങ്ങളായ വന്‍കെട്ടിടങ്ങള്‍ പൊളിച്ചു കളയുന്നത് കാണുമ്പോള്‍ സാധാരണക്കാരായ നമുക്കൊന്നും തോന്നുന്നില്ലേ? സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചത് കൊണ്ടാണല്ലോ ഇത്തരം കെട്ടിടങ്ങള്‍ അനധികൃതമായത്. ഭൂമിയില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കുന്ന ഇഷ്ടികകളും സിമന്‍റ് ‍കട്ടകളുമാണ് ഇവയുടെ അവശിഷ്ടങ്ങള്‍. ഇവയെല്ലാം എവിടെയാണ് സര്‍ക്കാര്‍ നിക്ഷേപിക്കാന്‍ പോവുന്നത്? പരിസ്ഥിതിയുടെ തനിമ നിലനിര്‍ത്താന്‍ പൊളിച്ചുകളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മ‍റ്റൊരു പ്രശ്നമാവാതെ മാറ്റാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?. ഇത്തരം കെട്ടിടങ്ങള്‍ പെട്ടെന്ന് പൊളിച്ചു മാറ്റുന്നതിന് പകരം ഒരു ഉത്തരവിലൂടെ ഏറ്റെടുത്ത്,പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിദഗ്ദരുടെയും ഉപദേശമനുസരിച്ച്, മൂന്നാറി‍ന്‍റ ജൈവസമ്പത്തിന് കോട്ടം വരുത്തുന്ന കെട്ടിടങ്ങളെല്ലാം പൊളിച്ച് കളയുകയും അവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്പെടുന്ന കെട്ടിടങ്ങള്‍ നിലനിര്‍ത്തുകയുമായിരുന്നില്ലേ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാറിന് പഴയ സൌന്ദര്യം മടക്കിക്കിട്ടാന്‍ സര്‍ക്കാറിന്‍റ പ്രവര്‍ത്തനങ്ങള്‍ക്കാവുമെന്ന് പ്രതീക്ഷിക്കാം
വായനക്കാരുടെ എഴുത്തുകള്‍ -ദുബായ് സിറാജ് ദിനപത്രം - 2007 മെയ് 17 വ്യാഴം